Saturday, August 30, 2008

അമ്മയ്ക്ക്

മടിയിൽ നിന്ന്
ഒക്കത്തേയ്ക്കുള്ള
ദൂരം
സ്വാ‍തന്ത്ര്യം

എന്റെ വിരലുകൾ
ചുണ്ട്
കാലിലെ ഒറ്റത്തള
കരച്ചിൽ
നമ്മുടെ മാത്രമായ
ആകാശം
അമ്പിളിമാമൻ
എന്റെയും,
നിന്റെയും സ്വാതന്ത്ര്യം

എന്റെ
കള്ളയുറക്കത്തിൽ
ഉറങ്ങുന്നത്
നിന്റെ വിരൽ
കാലുകൾ
അകം
പുറം
അമ്മിഞ്ഞ

കണ്ണടയ്ക്കാതെ
നിന്റെ ഉറക്കം
എന്റെ ഉറക്കം

Thursday, August 28, 2008

മുങ്ങിമരണം

പഴയൊരു പാതാളക്കരണ്ടി
കിണറ്റിന്റെ തണുപ്പിൽ
മുങ്ങിമരിക്കുന്നത്

പൊട്ടിപ്പോയ ഒറ്റക്കുടുക്കിന്റെ
മങ്ങിച്ച ഓർമ്മയിലൊരു
നൈലോൺ ട്രൗസർ,
കാക്ക കൊത്തിയിട്ട
എണ്ണപ്പിഞ്ഞാണം,
പുളിയിലകളുടെ
ഫോസിലുകൾക്കു താഴെ
ആദ്യത്തെ ഉറവയുടെ
വിള്ളലിൽ
ഒളിച്ചുപാർക്കുന്ന
കണ്ണില്ലാത്ത പാവക്കുട്ടി
എന്നിങ്ങനെ
കല്ലുവച്ച നുണക്കഥകളറിയുന്ന
അഞ്ചിതളുള്ള താമരയിൽ
പുനർജനിക്കുന്നത്

മുങ്ങിത്തപ്പുമ്പോൾ
മുറിച്ചിട്ട കൈപ്പത്തിയുടെ
അവസാനത്തെ തുണ്ട്
ഇറച്ചിയിൽ
കണ്ണുകാണാത്തൊരു
കുരുടൻ മത്സ്യം
ചുണ്ടുരുമ്മിയപ്പോഴാണ്

Sunday, August 10, 2008

അട്ടഹാസത്തിന്റെ മരണം

തോപ്പും‌പടി കഴിഞ്ഞുള്ള വളവില്‍
വഴിയില്‍ വീണുകിടക്കുന്ന
വയസ്സന്‍ മരമാണ്‌ മരണം
ഞാനോടിച്ചു കയറുമ്പോള്‍
ഉടല്‍ പിളര്‍ന്നു മാറില്ല
ചില്ലയനക്കി ശബ്ദിക്കില്ല
ഒരു അട്ടഹാസത്തെ
വിഴുങ്ങുന്ന വാപോലെ
മരണം എന്നെ വിഴുങ്ങും

ഉടല്‍ തുറന്നുവച്ച്
കടല്‍ തൊട്ട്
പുക്കിളില്‍
തുടകള്‍ക്കിടയില്‍
മുഖമമര്‍ത്തി കിടക്കുമ്പോള്‍
പിറക്കുന്ന വചനമേ...

തുറന്നുവച്ചതെല്ലാം
അട്ടഹാസങ്ങളാണ്‌
കടല്‍
കടലിന്റെ ഒച്ചയൊളിപ്പിച്ച ശംഖ്
നമ്മുടെ ഉടല്‍
നമ്മുടെ കുട്ടികള്‍ മുങ്ങിമരിക്കുന്ന ചരുവം
തോപ്പും‌പടിയിലെ മരണം