Thursday, October 16, 2008

അമ്മയെ ഓർക്കുന്നത്

ഉലുവക്കഞ്ഞിയുടെ മുറിയിൽ
ഉണ്ണിക്കുമ്പയുടെ നിറവിൽ
അമ്മയിരിക്കും
ജനലിനു പുറത്തേയ്ക്ക് കൈനീളും
ബാ.. ബരുന്നോ?
എന്തൊരു കള്ളമാണേ
ഉള്ളിലു കേറിയാൽ
അമ്മമ്മ കാലുതല്ലിയൊടിക്കൂല്ലേ!
പാളമടലിന്റെ കുതിരവണ്ടിയിൽ
അങ്ങോട്ടോട്ടം ഇങ്ങോട്ടോട്ടം
പച്ചോന്തും ചെമ്പോത്തും വേലിയിലേയ്ക്കോട്ടം
കാലുംകൈയും തല്ലിവീഴുമ്പോൾ
ഉലുവക്കഞ്ഞിയുടെ മുറി ഉണർന്നുവരും
അമ്മമ്മയുടെ തല്ല് പിന്നാലെവരും
കരഞ്ഞു കുരിപ്പാവുമ്പം
അമ്മമ്മയെടുത്തു അമ്മയെ മണപ്പിക്കും
അമ്മിഞ്ഞ തപ്പിപതുങ്ങുമ്പൊ
ദാരികന്റെ അലർച്ചയിൽ അമ്മമ്മ
അമ്മ മുലചുരത്തും ചിരിക്കും
ഉലുവക്കഞ്ഞിയിൽ
ശർക്കര വീണു പായസാവും
എണ്ണപ്പാത്രം കാക്കക്കൊത്തിപ്പോവും
നാണിത്തള്ള വയറൊളിച്ചുനോക്കും
തെച്ചിവെള്ളത്തിൽ കുളിച്ചതോടെ
അമ്മമ്മ പിടിച്ചു സ്കൂളിൽ ചേർത്തു

Sunday, October 5, 2008

മരിച്ചവരുടെ ആത്മഗതം

മരിച്ചവരുടെ
ആത്മഗതങ്ങളിൽ
ശ്മശാനങ്ങളിലെ കുളിർ
ചിതയടുപ്പുകൾ
മരണത്തിലെ
വിലാപം, ഓർമ്മ, പാപം
എന്നുവേണ്ട
മരണത്തിനെ ഓർമ്മിപ്പിക്കുന്ന
ഒന്നുംതന്നെയില്ല

മരിച്ചവർ
അടുത്തമരണത്തെ
സ്വപ്നംകാണുന്ന
വികാരജീവികളാണെന്ന്
ഇന്നലെ
മരിച്ചപ്പോഴാണറിയുന്നത്

മരിക്കേണ്ടായിരുന്നു
അല്ലെങ്കിൽ
മരിച്ചെന്ന്
അറിയേണ്ടായിരുന്നു

സലീംകുമാറേ,
എന്തൊരു
ആവർത്തനവിരസത...