Monday, December 15, 2008

വെറുതേ ൧

മരുഭൂമിയിലെ
കാക്കയെ ഓർക്കുക
അങ്ങനെയൊന്നുണ്ടോ?
നാലു വട്ടം ചോദിക്കുക
കരച്ചിൽ കേൾക്കും
ചിരിക്കാത്തത് കാക്കയാണ്

കാക്ക
മരുപ്പച്ചയാണ്

മരുപ്പച്ച
കരച്ചിലിന്റെ ഓർമ്മയാണ്

കരയുന്നതു
ജീവിതങ്ങൾ മാത്രമാണ്

മരുപ്പച്ച
ഇല്ലാത്ത ഒന്നാണ്

കാക്ക
കരഞ്ഞിട്ടില്ല

ഉറങ്ങുക
വെറുതേ തോന്നുന്നതാണ്

ഉറക്കം
കാക്കകൊണ്ടുപോയീ...

Wednesday, November 19, 2008

കുളക്കോഴിയമ്മ

ഒരമ്മ ഉണ്ണീനെ ഉറക്കാണ് കേട്ടോ.  ഉണ്ണി എത്രയായാലും ഉറങ്ങണില്യ. ഒരു കാലൻ കോഴി മൂന്നു വട്ടം കൂവി രാത്രിയാകെ വിറപ്പിച്ചു. ഉണ്ണി വിരണ്ട് അമ്മയിലൊട്ടി കരയാൻ തുടങ്ങി. അപ്പോൾ അമ്മ പറഞ്ഞു അതു കാലൻ കോഴിയല്ല വെറും കുളക്കോഴിയാണ് വെറുതെ കരയണ്ട ഒരു ആവശ്യവുമില്ലെന്ന്. കുളക്കോഴി എന്തെങ്കിലും ചെയ്യുമോയെന്നു ഉണ്ണി ചോദിച്ചു. അമ്മ പറഞ്ഞു ഉവ്വ് ഉറങ്ങാത്ത കുട്ടികളെ കുളക്കോഴി കൊണ്ടോയി ഉറക്കുംന്ന്.

എങ്ങനെയാവോ കുളക്കോഴി ഉറക്കാ? അമ്മേ പോലെ തന്നെ തുടയിലു തട്ടീട്ട്, നെറുക തടവീട്ട്, മൂളക്കമിട്ടിട്ട്..

അപ്പൊ പിന്നെ കുളക്കോഴി ഉറക്കിയാലെന്താ? ആ കുളക്കോഴി ഉറക്കിയാലേ ഒരു പ്രശ്നമുണ്ട്, ഉറങ്ങിക്കഴിഞ്ഞാൽ കുളക്കോഴി ഉണ്ണീനെ അപ്പിടി കൊത്തിത്തിന്നും.

അതെങ്ങന്യാ കുളക്കോഴി കൊത്തിത്തിന്നാ?

അമ്മ ചുണ്ടുകൂർപ്പിച്ചു ഉണ്ണീനെ കൊത്തികൊത്തി തിന്നു കാണിച്ചുകൊടുത്തു.

Wednesday, November 5, 2008

കല്ലായി

ഞാനെന്റെ ഹൃദയം കല്ലുപോലെ കനപ്പിച്ചിരിക്കുന്നു
എന്തെന്നാൽ ചൂളയിൽ വെന്തിരുന്നതു അതായിരുന്നുവല്ലോ!

Monday, November 3, 2008

മുരുകന്റെ തീട്ടം

പാട്ട പെറുക്കുന്ന മുരുകൻ തൂറിക്കഴിഞ്ഞ് ചന്തി കഴുകാത്തത് വഴിവക്കിലെ കുഴൽക്കിണറിന്റെ ലിവർ ഉയർത്തിയും താഴ്ത്തിയും വെള്ളം പമ്പ് ചെയ്തു കൊടുക്കുവാൻ ഒപ്പം ആരുമില്ലാതിരുന്നതിനാലാണ്.

കുഴൽക്കിണർ വേഗത്തിൽ പമ്പ് ചെയ്തു വെച്ചാൽ ലിവറിൽ നിന്നും കൈയെടുത്ത ശേഷവും അല്പാല്പമായി ചന്തികഴുകാനുള്ള വെള്ളം കിട്ടുമെന്ന് മുരുകനു അറിയില്ലായിരുന്നു.

മുരുകൻ ചന്തികഴുകിത്തുടങ്ങിയ ശേഷം നാട്ടുകാർ കുഴൽക്കിണർ ഉപയോഗിക്കാതായി, അതിന്റെ ലിവറിൽ മുരുകന്റെ തീട്ടം ഉണങ്ങിപ്പിടിച്ചിരുന്നു.

തൂറിക്കഴിഞ്ഞാൽ മുരുകൻ തീട്ടം തൊട്ടുനോക്കാറുണ്ട്.

***

തീട്ടത്തിനെ കുറിച്ചെഴുതിയതിൽ മനം‌പിരണ്ട് എഴുത്തുകാരൻ വയറു അമർത്തിപ്പിടിക്കുകയും പിന്നെയും ഗത്യന്തരമില്ലാതായപ്പോൾ ഒരു കവിൾ പുളിപ്പുരസം ഛർദ്ദിക്കുകയും ചെയ്തു. ഛർദ്ദിൽ രണ്ടു വിപരീത കൊതികളുടെ കലങ്ങിമറയലാണ്,

തീട്ടം തൊടുന്നതിന്റെ, തൊട്ടാൽ അറപ്പുണ്ടാവേണ്ടതിന്റെ...

Thursday, October 16, 2008

അമ്മയെ ഓർക്കുന്നത്

ഉലുവക്കഞ്ഞിയുടെ മുറിയിൽ
ഉണ്ണിക്കുമ്പയുടെ നിറവിൽ
അമ്മയിരിക്കും
ജനലിനു പുറത്തേയ്ക്ക് കൈനീളും
ബാ.. ബരുന്നോ?
എന്തൊരു കള്ളമാണേ
ഉള്ളിലു കേറിയാൽ
അമ്മമ്മ കാലുതല്ലിയൊടിക്കൂല്ലേ!
പാളമടലിന്റെ കുതിരവണ്ടിയിൽ
അങ്ങോട്ടോട്ടം ഇങ്ങോട്ടോട്ടം
പച്ചോന്തും ചെമ്പോത്തും വേലിയിലേയ്ക്കോട്ടം
കാലുംകൈയും തല്ലിവീഴുമ്പോൾ
ഉലുവക്കഞ്ഞിയുടെ മുറി ഉണർന്നുവരും
അമ്മമ്മയുടെ തല്ല് പിന്നാലെവരും
കരഞ്ഞു കുരിപ്പാവുമ്പം
അമ്മമ്മയെടുത്തു അമ്മയെ മണപ്പിക്കും
അമ്മിഞ്ഞ തപ്പിപതുങ്ങുമ്പൊ
ദാരികന്റെ അലർച്ചയിൽ അമ്മമ്മ
അമ്മ മുലചുരത്തും ചിരിക്കും
ഉലുവക്കഞ്ഞിയിൽ
ശർക്കര വീണു പായസാവും
എണ്ണപ്പാത്രം കാക്കക്കൊത്തിപ്പോവും
നാണിത്തള്ള വയറൊളിച്ചുനോക്കും
തെച്ചിവെള്ളത്തിൽ കുളിച്ചതോടെ
അമ്മമ്മ പിടിച്ചു സ്കൂളിൽ ചേർത്തു

Sunday, October 5, 2008

മരിച്ചവരുടെ ആത്മഗതം

മരിച്ചവരുടെ
ആത്മഗതങ്ങളിൽ
ശ്മശാനങ്ങളിലെ കുളിർ
ചിതയടുപ്പുകൾ
മരണത്തിലെ
വിലാപം, ഓർമ്മ, പാപം
എന്നുവേണ്ട
മരണത്തിനെ ഓർമ്മിപ്പിക്കുന്ന
ഒന്നുംതന്നെയില്ല

മരിച്ചവർ
അടുത്തമരണത്തെ
സ്വപ്നംകാണുന്ന
വികാരജീവികളാണെന്ന്
ഇന്നലെ
മരിച്ചപ്പോഴാണറിയുന്നത്

മരിക്കേണ്ടായിരുന്നു
അല്ലെങ്കിൽ
മരിച്ചെന്ന്
അറിയേണ്ടായിരുന്നു

സലീംകുമാറേ,
എന്തൊരു
ആവർത്തനവിരസത...

Sunday, September 7, 2008

കൈനറ്റിക് ഊർജ്ജം

പാളം തെറ്റിയ തീവണ്ടിയെഞ്ചിൻ
പുഴയിലേയ്ക്ക് കൂപ്പുകുത്തുമ്പോൾ
പുറകേ മുപ്പത് ബോഗികൾ
കൈകാലടിച്ചു
പുഴയിൽ മുങ്ങിമരിച്ചതും

ഇഴഞ്ഞുപോകുന്ന
തേരട്ടയുടെ തലഞ്ഞെരിക്കുമ്പോൾ
അത് ചുരുണ്ടുപോകുന്നതും

ഫിസിക്സ് ക്ലാസിലെ
കാമസൂത്രം
സോറി
കൈനറ്റിക് ഊർജ്ജം കൊണ്ടാണ്

മുപ്പത് ബോഗികൾ തമ്മിലോ
തേരട്ടയുടെ കാലുകൾ തമ്മിലോ
ഒരു പുക്കിൾക്കൊടിയാൽ
പിണഞ്ഞിരിക്കുന്നില്ല
ആനത്താഴിട്ട് പൂട്ടിയ
ചങ്ങലകളാൽ കൂട്ടിക്കെട്ടിയിട്ടില്ല

കൈനറ്റിക്കോർജ്ജം
സമം
ബിന്ദു റ്റീച്ചറുടെ ഛായയിലെ
ഫാഫിനു ശേഷം
ഒരു മുഴുത്ത എം‌വീസ്ക്വയർ
തികട്ടി നിൽക്കുന്നത്