Wednesday, November 19, 2008

കുളക്കോഴിയമ്മ

ഒരമ്മ ഉണ്ണീനെ ഉറക്കാണ് കേട്ടോ.  ഉണ്ണി എത്രയായാലും ഉറങ്ങണില്യ. ഒരു കാലൻ കോഴി മൂന്നു വട്ടം കൂവി രാത്രിയാകെ വിറപ്പിച്ചു. ഉണ്ണി വിരണ്ട് അമ്മയിലൊട്ടി കരയാൻ തുടങ്ങി. അപ്പോൾ അമ്മ പറഞ്ഞു അതു കാലൻ കോഴിയല്ല വെറും കുളക്കോഴിയാണ് വെറുതെ കരയണ്ട ഒരു ആവശ്യവുമില്ലെന്ന്. കുളക്കോഴി എന്തെങ്കിലും ചെയ്യുമോയെന്നു ഉണ്ണി ചോദിച്ചു. അമ്മ പറഞ്ഞു ഉവ്വ് ഉറങ്ങാത്ത കുട്ടികളെ കുളക്കോഴി കൊണ്ടോയി ഉറക്കുംന്ന്.

എങ്ങനെയാവോ കുളക്കോഴി ഉറക്കാ? അമ്മേ പോലെ തന്നെ തുടയിലു തട്ടീട്ട്, നെറുക തടവീട്ട്, മൂളക്കമിട്ടിട്ട്..

അപ്പൊ പിന്നെ കുളക്കോഴി ഉറക്കിയാലെന്താ? ആ കുളക്കോഴി ഉറക്കിയാലേ ഒരു പ്രശ്നമുണ്ട്, ഉറങ്ങിക്കഴിഞ്ഞാൽ കുളക്കോഴി ഉണ്ണീനെ അപ്പിടി കൊത്തിത്തിന്നും.

അതെങ്ങന്യാ കുളക്കോഴി കൊത്തിത്തിന്നാ?

അമ്മ ചുണ്ടുകൂർപ്പിച്ചു ഉണ്ണീനെ കൊത്തികൊത്തി തിന്നു കാണിച്ചുകൊടുത്തു.

Wednesday, November 5, 2008

കല്ലായി

ഞാനെന്റെ ഹൃദയം കല്ലുപോലെ കനപ്പിച്ചിരിക്കുന്നു
എന്തെന്നാൽ ചൂളയിൽ വെന്തിരുന്നതു അതായിരുന്നുവല്ലോ!

Monday, November 3, 2008

മുരുകന്റെ തീട്ടം

പാട്ട പെറുക്കുന്ന മുരുകൻ തൂറിക്കഴിഞ്ഞ് ചന്തി കഴുകാത്തത് വഴിവക്കിലെ കുഴൽക്കിണറിന്റെ ലിവർ ഉയർത്തിയും താഴ്ത്തിയും വെള്ളം പമ്പ് ചെയ്തു കൊടുക്കുവാൻ ഒപ്പം ആരുമില്ലാതിരുന്നതിനാലാണ്.

കുഴൽക്കിണർ വേഗത്തിൽ പമ്പ് ചെയ്തു വെച്ചാൽ ലിവറിൽ നിന്നും കൈയെടുത്ത ശേഷവും അല്പാല്പമായി ചന്തികഴുകാനുള്ള വെള്ളം കിട്ടുമെന്ന് മുരുകനു അറിയില്ലായിരുന്നു.

മുരുകൻ ചന്തികഴുകിത്തുടങ്ങിയ ശേഷം നാട്ടുകാർ കുഴൽക്കിണർ ഉപയോഗിക്കാതായി, അതിന്റെ ലിവറിൽ മുരുകന്റെ തീട്ടം ഉണങ്ങിപ്പിടിച്ചിരുന്നു.

തൂറിക്കഴിഞ്ഞാൽ മുരുകൻ തീട്ടം തൊട്ടുനോക്കാറുണ്ട്.

***

തീട്ടത്തിനെ കുറിച്ചെഴുതിയതിൽ മനം‌പിരണ്ട് എഴുത്തുകാരൻ വയറു അമർത്തിപ്പിടിക്കുകയും പിന്നെയും ഗത്യന്തരമില്ലാതായപ്പോൾ ഒരു കവിൾ പുളിപ്പുരസം ഛർദ്ദിക്കുകയും ചെയ്തു. ഛർദ്ദിൽ രണ്ടു വിപരീത കൊതികളുടെ കലങ്ങിമറയലാണ്,

തീട്ടം തൊടുന്നതിന്റെ, തൊട്ടാൽ അറപ്പുണ്ടാവേണ്ടതിന്റെ...